വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരേളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ
(ഭഗവദ്ഗീത : സാംഖ്യയോഗം 2.22)
മനുഷ്യന് ജീര്‍ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങള്‍ സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു. ജ്യോതിഷ കല്പന പ്രകാരം ഓരോ ജീവിയുടെ ജന്മവും കഴിഞ്ഞ ജന്മങ്ങളുടെ തുടര്‍ച്ചയാണ്.
ഓരോ ജന്മത്തിലും ആര്‍ജ്ജിക്കുന്ന പുണ്യ പാപങ്ങളുടെ ഫലങ്ങള്‍ അടുത്ത ജന്മത്തില് നാം അനുഭവിച്ചേ തീരൂ. നാം ചെയ്യുന്ന പ്രവൃത്തികളുടെ പുണ്യ-പാപ ഫലങ്ങള്‍ വളരെ കൂടിയവയാണെങ്കില്‍ അവ അതത് ജന്മത്തില് തന്നെ അനുഭവിക്കേണ്ടി വരും. അതില്‍ ബാക്കിയുള്ളവ അടുത്ത ജന്മത്തിലും അനുഭവിക്കുന്നതാണ്. കഴിഞ്ഞ ജന്മത്തില് ചെയ്ത പാപം രോഗമെന്ന നിലയില്‍ ജനിക്കുന്നു. രോഗങ്ങളുടെ കാരണമാകട്ടെ, മനുഷ്യര്‍ക്ക് തങ്ങള്‍ ചെയ്ത പാപകര്‍മ്മങ്ങളുടെ ഫലങ്ങളാകുന്നു. മൂന്നു വീധത്തില്‍ രോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നു. ഭൂതാവേശംകൊണ്ടും ഗ്രഹങ്ങളുടെ ചാരദോഷംകൊണ്ടും വാതം,പിത്തം, കഫം ഇവയുടെ കോപം കൊണ്ടും രോഗം ഉണ്ടാകുന്നു.
കര്‍മണോ പുണ്യാപുണ്യ കാരണയോര് വിപാക:
വിശേഷേണപച്യമാന ഫലവിശേഷ:
( പതഞ്ജലസൂത്രം).
ശുഭാശുഭ കര്‍മ്മങ്ങളുടെ ഫലമായാണ് സുഖദുഃഖങ്ങള്‍ ഉണ്ടാകുന്നത്. ഇഹലോകത്തു (ഭൌതിക ജീവിതം) രോഗാദികള്‍ ഉണ്ടാക്കുന്ന ദുഃഖവും പരലോകത്ത് നരകവാസം കൊണ്ടുണ്ടാകുന്ന ദുഃഖവും ആണ് അശുഭകര്‍മ്മങ്ങളുടെ ഫലം. യഥാര്‍ത്ഥത്തില്‍ പരലോകത്തെ നരകവാസം എന്നത് അടുത്ത തലമുറയുടെ നാശം കാണേണ്ടി വരുന്നതാണ് എന്നതാണ് പരമാര്‍ത്ഥം. പ്രായശ്ചിത്തമെന്നാല് പാപങ്ങളുടെ ഫലദാന ശക്തി കുറയുവാനുള്ള കര്‍മ്മ വിശേഷങ്ങളാണ്.
ജന്മാന്തരകൃതം പാപം
വ്യാധിരൂപേണ ജായതേ
തച്ച്ഛാന്തിരൌഷധൈര്ദ്ധാനൈ
ജ്ജപഹോമാര്ച്ചനാദി ഭി:
മുന്‍പ് വിവിധ ജന്മങ്ങളില് ചെയ്ത പാപങ്ങള്‍ നിലവിലുള്ള ജന്മത്തില് വ്യാധിരൂപേണ പ്രത്യക്ഷപ്പെടുന്നു. ഔഷധങ്ങള്‍, ദാനം, ജപം, ഹോമം, പൂജാദികള്‍ എന്നിവകൊണ്ട് പാപശമനം ഉണ്ടാകുന്നു. ഇതില്‍ ദാനത്തിനാണു ഏറ്റവും പ്രാധാന്യം കല്പ്പിചിട്ടുള്ളത്.
പ്രായശ്ചിത്ത കദംബേന, ദാനം പ്രഥമമുച്യതേ
എന്ന പ്രമാണം ദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ദാനമേവ കലൌയുഗേ
എന്ന പ്രമാണം അനുസരിച്ച് കലി യുഗത്തിലും ദാനം തന്നെയാണ് പാപശാന്തിക്ക് മുഖ്യോപാധിയായി സ്വീകരിക്കേണ്ടത്. സായണാചാര്യന്‍ തന്റെ ഗ്രന്ഥ മായ 'പ്രായശ്ചിത്തസുധാനിധി'യില്‍ (സായണീയം) 32 ഓളം ദാനവിധികളെ പ്രതിപാദിക്കുന്നുണ്ട്. ജീവ പശു (സര്‍വ പ്രായശ്ചിത്തം) സുവര്ണകാമധേനു പ്രതിമ (വന്ധ്യത്വഹരം), ഗരുഡ പ്രതിമ (അക്ഷിരോഗഹരം), അശ്വിനീ പ്രതിമകള്‍ (സര്‍വപാപഹരം; ദാരിദ്ര്യനാശകം) കാമധേനു പ്രതിമ (പ്രമേഹഹരം) എന്നിവ ഉദാഹരണമാണ്.
രോഗശമനത്തിന് ഔഷധം, പ്രായശ്ചിത്തം ഇപ്രകാരം രണ്ടു പരിഹാരങ്ങള്‍ പറയപ്പെടുന്നു. കൃത്യമായ പഥ്യത്തോടെ ഔഷധം കഴിക്കുന്നതിനൊപ്പം ജപം, ഹോമം, അര്‍ച്ചന മുതലായവ ചെയ്യുന്നത് എളുപ്പത്തില്‍ രോഗശമനം വരുത്തുന്നു. ഇപ്രകാരമാണ് ‘സായണന്‍’ എന്ന മഹാഗുരു തന്റെ ‘കര്‍മ്മവിപാകം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്. എല്ലാ രോഗങ്ങളുടെയും ശാന്തിക്ക് മൃത്യുഞ്ജയ ഹവനം ഉത്തമമാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ രോഗികള്‍, സ്വന്തം ധന സ്ഥിതിയനുസരിച്ച് രോഗശമനത്തിനുള്ള ഔഷധം, തേച്ചു കുളിക്കാനുള്ള എണ്ണ, ഇഷ്ടമുള്ള ആഹാരം, ശയനോപകരണങ്ങള്‍ തുടങ്ങിയവ മറ്റു രോഗികള്‍ക്ക് നല്‍കേണ്ടതാണെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. കഠിനമായ ജ്വരം, ആഭിചാര പ്രയോഗം ഉന്മാദം, ചുട്ടുനീറ്റല്‍ തുടങ്ങിയവക്ക് 1008 സഞ്ജീവന ഹവനം ഉത്തമമാണ്. ഇത് സപ്ത ദ്രവ്യങ്ങള്‍ കൊണ്ടു വേണം. ഹവന സംഖ്യക്ക് തുല്യമായി ബ്രാഹ്മണ ഭോജനം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബ്രാഹ്മണ്യം ജന്മം കൊണ്ടു മാത്രം പോരാ, കര്‍മ്മം കൊണ്ടു കൂടി വേണം.
aashamsakal......
ReplyDelete