Friday, November 30, 2018

കര്‍മ്മം (Karma - The Doctrine of Inevitable Consequence)

മനുഷ്യന്‍റെ പരിമിതമായ ഇന്ദ്രിയങ്ങള്‍ക്ക് അതീതമായ ഒരു മഹാവ്യവസ്ഥയാണ്‌ പ്രപഞ്ചം. ഈ പ്രപഞ്ചത്തിന്‍റെ ആദിയോ അന്തമോ ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ഇന്ന് വരെയുള്ള എല്ലാ സിദ്ധാന്തങ്ങളും (അത് പുരാണമായാലും ആധുനിക ശാസ്ത്രം ആയാലും) വെറും സങ്കല്‍പത്തിന്‍റെയും ഭാവനയുടെയും സൃഷ്ടി മാത്രമാണ്. ഭൂമിക്കു പുറത്തുള്ളതിനെപ്പറ്റി അറിവുണ്ട് എന്ന് അഹങ്കരിക്കുമ്പോഴും ഭൂമി മുഴുവനായി പോലും ഇതേ വരെ അറിയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഒരു വന്‍ കൊടുങ്കാറ്റിലോ വര്‍ഷപാതത്തിലോ മഹാ വ്യാധിയിലോ ഒടുങ്ങാവുന്ന ഒന്നു മാത്രമാണ് ഭൌതിക ജീവിതം.

പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് (Cyclic) വിധേയമാണെന്നത് ആധുനിക ശാസ്ത്രമുള്‍പ്പടെ അംഗീകരിച്ച  കാര്യമാണ്.  ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ഇത് ജീവനുള്ളവയുടെ മാത്രം കാര്യമല്ല. കല്ലിനും മണ്ണിനും ജലത്തിനും എല്ലാം ബാധകമാണ്. ജനന-മരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്തുതയാണ്. സുഖം-ദുഃഖം, ലാഭം-നഷ്ടം, ഉയര്‍ച്ച-താഴ്ച, ചിരി-സങ്കടം, ശരി-തെറ്റ്, വരവ്-ചെലവ് എന്നിങ്ങനെ. ആത്മീയ ദൃഷ്ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജന്മമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം.  എല്ലാ ജീവജാലങ്ങളിലും അജൈവ വസ്തുക്കളിലും ദ്രവ്യമുണ്ട്. ആ ദ്രവ്യങ്ങള്‍ കര്‍മ്മഫലം അനുസരിച്ച് ഒന്നില്‍ നിന്ന് പിന്നീട് മറ്റൊന്നിലേക്ക് പോകുന്നു. ഇന്ന് മണ്ണില്‍ കിടക്കുന്ന ഇരുമ്പ് നാളെ നമ്മുടെ രക്തഭാഗമായ വര്‍ണ്ണ വസ (Hemoglobin) ആയി മാറുന്നു. ഇന്ന് നമ്മുടെ ശരീരത്തില്‍ നിലനില്‍ക്കുന്ന ക്ഷാരശിലാംശം (Calcium) നാളെ മുട്ടയുടെ തോടായോ ശംഖിന്‍റെ കൂടായോ (Shell) മാറുന്നു. കര്‍മ്മത്തില്‍ നിന്ന് ഒന്നിനും മോചനമില്ല. 

'സുഖം' ജനിക്കുമ്പോള്‍ സന്തോഷം ഉണ്ടാകുന്നു. 'സുഖം' മരിക്കുമ്പോള്‍ സങ്കടവും. ഒരാളുടെ സുഖത്തിന്‍റെ മരണം മറ്റൊരാളുടെ സുഖത്തിന്‍റെ ആരംഭമാകാം. ഒരാള്‍ സാധനം വാങ്ങുമ്പോള്‍ അയാള്‍ക്ക്‌ ചെലവുണ്ടാകുന്നു. ആ പണം പക്ഷെ വില്പനക്കാരനെ സംബന്ധിച്ച് വരവ്, ലാഭം ഇവയുടെ ജനനം ആണ്. ഒരാള്‍ക്ക്‌ അസുഖം ഉണ്ടാകുമ്പോള്‍ അയാള്‍ക്കത് നഷ്ടവും ദുഖവും ഭീതിയും നല്‍കുന്നുവെങ്കിലും ആശുപത്രിയെ സംബന്ധിച്ച് അത് വരവും ലാഭവും നിലനില്‍പ്പുമാണ്. സസ്യഭുക്കുകളായ ശാന്ത ജീവികളുടെ എണ്ണം നിയന്ത്രിക്കാന്‍ ഹിംസ്ര മൃഗങ്ങള്‍ ഇല്ലെങ്കില്‍ അവ സസ്യജാലങ്ങളെ മുഴുവന്‍ തിന്നു തീര്‍ക്കും. നദീതീരത്ത് എക്കല്‍ മണ്ണ് അടിയുന്നത് കുന്നിന്‍ മുകളില്‍ കാലവര്‍ഷം കുത്തിയൊഴുകി നാശം വിതയ്ക്കുമ്പോഴാണ്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ അനുഭവങ്ങളും വികാരങ്ങളും പോലും അദൃശ്യമായ ഒരു കര്‍മ്മത്തിന്‍റെ ചാക്രികത പേറുന്നതായി കാണാം.

എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു എന്നതാണ് ഹൈന്ദവ വിശ്വാസം. അതായത് ആത്മാവ് അഥവാ ബ്രഹ്മം (Eternal Energy) വിവിധ ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. എത്രകാലം എന്നതിന് പരമാത്മാവില്‍ അലിഞ്ഞുചേരുന്നതുവരെ എന്നു ഉത്തരം  പറയാം. അങ്ങനെ, ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു.  ആത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്തമാകുന്നു. അതായത്, ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്. 

ശ്രീമദ്‌ ഭഗവദ്ഗീതയിലാണ് ഇത് സംബന്ധിച്ച യുക്തിപരമായ ഒരു വിശദീകരണം ഉള്ളത്. ശ്രീകൃഷ്ണന്‍ പറയുന്നു. 


''ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ
ഏതദ്യോ വേത്തി തം പ്രാഹുഃ ക്ഷേത്രജ്ഞ ഇതി തദ്വിദഃ. മഹാഭൂതാന്യഹംകാരോ ബുദ്ധിരവ്യക്തമേവ ച
 ഇന്ദ്രിയാണി ദശൈകം ച പഞ്ച ചേന്ദ്രിയഗോചരാഃ
 ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
 ഏതത്ക്ഷേത്രം സമാസേന സവികാരമുദാഹൃതം''


അര്‍ജ്ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും.പഞ്ചമഹാഭൂതങ്ങള്‍ (സുക്ഷ്മതന്മാത്രകള്‍), അഹങ്കാരം, ബുദ്ധി, അവ്യക്തം (മൂലപ്രകൃതി അഥവാ മായ), അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അഞ്ച് ഇന്ദ്രിയവിഷയങ്ങള്‍, ഇച്ഛാ, ദ്വേഷം, സുഖം, ദുഃഖം, ശരീരം, ചേതന, ധൈര്യം എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ക്ഷേത്രമെന്നു അതിന്‍റെ രൂപഭേദങ്ങളോടൊപ്പം സംക്ഷേപിച്ച് വര്‍ണിക്കപ്പെട്ടിരിക്കുന്നു. അതായത്, വികാരങ്ങളും താല്പര്യങ്ങളും വഹിക്കുന്നത് ശരീരമാണ്.


പ്രകൃത്യൈവ ച കര്‍മാണി ക്രിയമാണാനി സര്‍വ്വശഃ
 യഃ പശ്യതി തഥാത്മാനമകര്‍ത്താരം സ പശ്യതി


കര്‍മങ്ങളെല്ലാം ചെയ്യപ്പെടുന്നത് പ്രകൃതിയാല്‍ മാത്രമാണെന്നും ആത്മാവ് നിഷ്ക്രിയമാണെന്നും (പ്രത്യേക താല്പര്യത്തോടെ ഒന്നും ചെയ്യാത്തവനാണെന്നും) ആരാണോ കാണുന്നത് അവന്‍ യഥാര്‍ഥ്യത്തെ അറിയുന്നു. ആത്മാവ് എന്നത് കര്‍മ്മത്തിനുള്ള ശേഷി ശരീരത്തിന് നല്‍കുന്ന ഊര്‍ജ്ജം മാത്രമാണ്. അതിനു ശരീരത്തെ പോലെ ഇന്ദ്രിയാധിഷ്ഠിതമായ   പ്രത്യേക വ്യക്തിത്വം ഇല്ല. ശരീരത്തിന് സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍; വൈദ്യുത ഉപകരണത്തിന് എന്തു സംഭവിച്ചാലും വൈദ്യുതിക്ക് ഒന്നും സംഭവിക്കുന്നില്ല എന്നതുപോലെ തന്നെ.


അനാദിത്വാന്നിര്‍ഗുണത്വാത് പരമാത്മായമവ്യയഃ
 ശരീരസ്ഥോഽപി കൌന്തേയ ന കരോതി ന ലിപ്യതേ

ഹേ കൗന്തേയ! അനാദിയും നിര്‍ഗുണനും ആകയാല്‍ ഈ പരമാത്മാവ് ശരീരത്തില്‍ വര്‍ത്തിക്കുന്നുണ്ടെങ്കിലും യാതൊന്നും ചെയ്യുകയോ ഒന്നിനോടും സക്തനാകുകയോ ചെയ്യുന്നില്ല. അപ്പോള്‍ ആത്മാവ് എന്നത് പ്രപഞ്ചത്തെ ചലിപ്പിക്കുന്നതും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റപ്പെടാന്‍ കഴിയുന്നതുമായ ഒരു പരാശക്തി (എനര്‍ജി) ആണ് എന്ന് വെളിവാകുന്നു. അത് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിയുന്ന ഗുണങ്ങള്‍ക്ക് അതീതവും നാശരഹിതവുമാണ്.

അങ്ങനെ ആത്മാവ് എല്ലാ വസ്തുക്കളിലും ബ്രഹ്മ രൂപത്തില്‍ അടങ്ങിക്കൊണ്ട് പ്രപഞ്ചത്തിന്‍റെ ഗതിവിഗതികളില്‍ പങ്കെടുക്കുകയും എന്നാല്‍ ഒന്നിലും അഭിരമിക്കാതെയും ഇരിക്കുന്നു. ആത്മാവ് നല്‍കുന്ന ഊര്‍ജത്താല്‍ ശരീരം പ്രവര്‍ത്തിക്കുമ്പോള്‍ ശരീരത്തിന്‍റെ ഇച്ഛയ്ക്ക് അനുസൃതമായി കര്‍മ്മം രൂപപ്പെടുന്നു. അതിനാലാണ് വിവിധ വ്യക്തികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ വ്യത്യസ്തമാകുന്നത്. ആത്മാവായിരുന്നു കര്‍മ്മം ചെയ്യുന്നത് എങ്കില്‍ എല്ലാം ഒരേ പോലെ വരുമായിരുന്നല്ലോ. കര്‍മ്മഫലവും ഇപ്രകാരം വ്യത്യസ്തമായിരിക്കുന്നു.

ആത്മാവ് എന്തടിസ്ഥാനത്തിലാണ് ഒന്നിനെ വിട്ട് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത് ? ഉത്തരം 'കര്‍മ്മഫലം' എന്നാണ്. നാം ചെയ്ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അതിനുള്ള ഫലം നാം തന്നെ അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ് ഒരു സൂക്ഷ്മജീവി മുതല്‍ ഈ ബ്രഹ്മാണ്ഡത്തിലെ സൂര്യഗോളംവരെ പങ്കെടുക്കുന്ന ഒരു പ്രക്രിയയാണ്.

എന്താണ് പുണ്യവും (auspicious deed) പാപവും(Sin)? ഓരോ ജൈവ- അജൈവ ദ്രവ്യത്തിനും പ്രകൃതിയുടെ നിലനില്‍പ്പിനു സഹായിക്കാന്‍ ബാധ്യതയുണ്ട്. അതില്‍ ഏതിന്‍റെയെങ്കിലും നിലനില്‍പ്പിനു  കോട്ടം വരുത്തിയാല്‍ അത് പാപമായി കണക്കാക്കുന്നു. അതിന്‍റെ ചാക്രികതയെ ഭേദിക്കാതെ മുന്നോട്ടു പോകുമ്പോള്‍ ബ്രഹ്മത്തെ അറിയുന്നു. അതിന് പുണ്യം എന്ന് പറയുന്നു.  പുണ്യമായാലും പാപമായാലും  കര്‍മ്മഫലം അനുഭവിച്ചേ തീരൂ. അനുഭവിച്ചുതീരുമ്പോള്‍ അതില്‍നിന്ന് മുക്തമാകുകയും ചെയ്യും. ഇതില്‍ ഏതു തന്നെ അവശേഷിച്ചാലും ബാധ്യതയാകുന്നു. പുണ്യം കൂടിയാല്‍ അതുകൊണ്ടുള്ള അനുഭവം തീരുന്നത് വരെ ജന്മം തുടരുന്നു.  പാപമായാലും ഇത് തന്നെ.  ആത്മാവിന് കൊണ്ടുപോകാന്‍ പുണ്യ-പാപ കര്‍മ്മഫലങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആത്മാവിന് മോക്ഷപ്രാപ്തിയായെന്നു പറയാം. വായു എന്ന ദ്രവ്യത്തിനെ അടിസ്ഥാനമാക്കി ഉദാഹരണം പറയാം. വായു എല്ലായിടവും നിറഞ്ഞിരിക്കുന്നു. അത് സുഗന്ധം പരത്തുമ്പോള്‍ നാം അത് ആസ്വദിക്കുന്നു. ദുര്‍ഗ്ഗന്ധവാഹിയാകുമ്പോള്‍ നാം മൂക്ക് പൊത്തുന്നു. ഇത് രണ്ടില്‍ നിന്നും മുക്തി നേടിയ വായു പിന്നെയും ഭൂമിയില്‍ നിറയുന്നു. എന്നാല്‍ അപ്പോള്‍ നാം അതിനെ അറിയുന്നില്ല. പക്ഷെ വായു ശുദ്ധമാകണമെങ്കില്‍ അത് രണ്ടു ഭൌതിക ഗുണങ്ങളെയും ഒഴിവാക്കിയേ തീരൂ. ഇപ്രകാരം നാം അറിയുന്നത് ശരീരത്തെയും വികാരങ്ങളെയുമാണ്. ഗുണാതീതമായ ആത്മാവിനെ അറിയുന്നില്ല. ആത്മാവിനെ അറിയുമ്പോള്‍ മാത്രമേ കര്‍മ്മ ഫലം ഏതു പ്രകാരം   ഒരാളിനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയൂ.

തത്വജ്ഞാനികള്‍ കര്‍മ്മത്തെ ശുഭം, അശുഭം, മിശ്രം എന്നിങ്ങിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവയാകട്ടെ പ്രപഞ്ച ചലനവുമായി ബന്ധപ്പെട്ടതാണ്. ഇത് കൂടാതെ, ദേഹ(ഇഹലോക ശരീരം)ത്തിനുള്ള കര്‍മ്മബന്ധത്തെ സഞ്ചിതം, പ്രാരബ്ധം, വര്‍ത്തമാനം (ആഗാമികം) എന്നിങ്ങിനെയും തരം തിരിച്ചിരിക്കുന്നു. ബ്രഹ്മാവുമുതല്‍ എല്ലാം കര്‍മ്മാധീനമായാണ് വര്‍ത്തിക്കുന്നത്. സൂര്യചന്ദ്രന്മാരുടെ ചലനമടക്കം യാതൊന്നും കര്‍മ്മബന്ധമില്ലാതെ ഉണ്ടാവുന്നില്ല എന്നും അറിയണം. സുഖദുഖാദികളും, ജരാനരകളും, മൃത്യുവും എല്ലാം കര്‍മ്മാനുസാരിയാണ്. ശരീര ബന്ധിതവുമാണ്. കാമക്രോധാദികളും ദേഹത്തോട് ബന്ധപ്പെട്ടുതന്നെയിരിക്കുന്നു. അവ പ്രകടമാവുന്നത് പ്രാരാബ്ധപ്രേരിതമായാണ്.

സഞ്ചിതം, പ്രാരബ്ധം, ആര്‍ജിതം(ആഗാമി) എന്നിങ്ങനെ മൂന്നിനം കര്‍മ്മഫലങ്ങളാണുള്ളത്. ഏക കോശ ജീവിയായിരുന്ന ജന്മം മുതല്‍ കഴിഞ്ഞ ജന്മംവരെയുള്ള വിവിധ ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളില്‍ ഫലം അനുഭവിച്ചു തീര്‍ക്കാത്തതാണ് സഞ്ചിതകര്‍മ്മഫലം. ഇത് ഇപ്പോഴുള്ള വ്യക്തി (ശരീരം) ഈ ജന്മത്തില്‍ ചെയ്തതല്ല. പലപ്പോഴും പലരും ഒരു കാരണവും കൂടാതെ ദുരിതം അനുഭവിക്കുന്നത് ഈ സഞ്ചിതകര്‍മ്മ ഫലം പാപഭാഗം വര്‍ദ്ധിച്ചു നിലനില്‍ക്കുമ്പോള്‍ ആണ്. അത് അനുഭവിച്ചേ മതിയാകൂ. എന്നാല്‍ ഈ ജന്മത്തിലെ ഗുണകരമായ ആര്‍ജ്ജിത കര്‍മ്മ ഫലം ഉപയോഗിച്ച് സഞ്ചിത കര്‍മ്മ ഫലത്തിന്‍റെ  തീവ്രത കുറയ്ക്കാം. ഉദാഹരണമായി, തലമുറകളായി ദ്രോഹ ബുദ്ധികളായ ഒരു കുടുംബത്തില്‍ ഒരു ഗുണവാന്‍ ഉണ്ടാകുന്നതുപോലെ; അപ്രകാരം ദുഷ്പേര് അല്പം കുറയുന്നതുപോലെ അനുഭവം വരും. ഈ ജന്മത്തില്‍ ചെയ്തു കൂട്ടിയത് അഥവാ ഈ ജന്മത്തില്‍ ആര്‍ജിച്ചതാണ് ആര്‍ജ്ജിത കര്‍മ്മം (ആഗാമി). അതിന്‍റെ ഫലം ഉടനെ ലഭിക്കണമെന്നില്ല. ചിലപ്പോള്‍ ഈ ജന്മത്തില്‍ തന്നെ ലഭിക്കും. ചിലപ്പോള്‍ അത് അടുത്ത ജന്മങ്ങളില്‍ സഞ്ചിതമായി ചേര്‍ക്കപ്പെടും.  

ഇപ്പോള്‍ അനുഭവിക്കുന്ന ജന്മത്തില്‍  ദൈനംദിനം ചെയ്തുകൊണ്ടിരിക്കുന്ന കര്‍മ്മത്തിന്‍റെ പേരാണ്  പ്രാരബ്ധകര്‍മ്മം. ഇതാകട്ടെ, എപ്പോഴും  നമ്മെ പിന്തുടരുന്നു. അതായത് പ്രാരബ്ധം ചുമന്നു കൊണ്ടാണ് ഓരോ ജീവിതവും  മുന്നോട്ടു പോകുന്നത്.ഇതില്‍ നിന്നും ആര്‍ക്കും മോചനമില്ല. മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ ജീവികള്‍ ഇതിനു മാത്രം വിധേയരാകുന്നതായി കാണപ്പെടുന്നു. പ്രാരബ്ധം ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശീലങ്ങളില്‍ നിന്ന് സംസ്കാരം ഉരുത്തിരിയുന്നു. മനുഷ്യര്‍ക്കാകട്ടെ, ചിന്തിക്കാന്‍ ബുദ്ധി കൂടി നല്‍കിയിരിക്കുന്നു. പ്രാരബ്ധത്തിലെ ഓരോ ശീലവും ഓരോ കര്‍മ്മമാണ്. ഒരു ശീലത്തെ മനസ്സിലാക്കിയാല്‍ അതിനെ അതിജീവിക്കാനും നമുക്കു കഴിയും. അല്ലെങ്കില്‍ ഒരു ശീലം അനുഭവിച്ചുകൊണ്ട് നാം അവയെ അതിജീവിക്കുന്നു.  ആസക്തി എന്നുപറയുന്നത് മനസ്സിലുള്ള ശക്തമായ വാസനകളല്ലാതെ മറ്റൊന്നുമല്ല. ഈ മൂന്നു കര്‍മ്മഫലങ്ങളും ജന്മങ്ങളിലൂടെ നമ്മെ പിന്തുടരുന്നു. ഒരു കൂട്ടായ  ജീവിതശീലം പ്രകൃതിക്ക് (നിത്യജീവിതത്തിന്) ഗുണകരമാകുമ്പോള്‍  സംസ്കാരം പുരോഗമിക്കുന്നു എന്ന്  പറയുന്നു.

കര്‍മ്മം വളരെ ബൃഹത്താണ്. അത് സമയബന്ധിതവുമാണ്. അതേ സമയം ഓരോ കര്‍മ്മത്തിന്‍റെയും പ്രതിക്രിയ ക്ലിപ്തമാണ്, നിശ്ചിതമാണ്,     അനന്തമല്ല. നല്ലതായാലും ചീത്തയായാലും പരിമിതമായ മണ്ഡലത്തിലേ ഒരു കര്‍മ്മം അതിന്‍റെ   ഫലം ഉണ്ടാക്കുന്നുള്ളൂ. എന്നാല്‍ കര്‍മ്മം എന്ന പ്രക്രിയ അനന്തമാണ്. കാരണം, സൃഷ്ടി തിരശ്ചീനമല്ല; ലംബവുമല്ല. പല മാനങ്ങളോടുകൂടിയതാണ്.   കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നത്‌ സത്യം ഗോളരൂപമാണ് എന്ന തത്വത്തെയാണ്. ഒരു ഗോളത്തില്‍ ഓരോ ബിന്ദുവും മറ്റെല്ലാ ബിന്ദുക്കളോടും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു നേര്‍രേഖയാണെങ്കില്‍ ഒരു ബിന്ദുവിന് മറ്റു രണ്ടു ബിന്ദുക്കളിലേക്കു മാത്രമേ ബന്ധമുണ്ടാകൂ. ഒന്ന് മുമ്പിലും മറ്റൊന്ന് പിന്നിലും. അതേ സമയം, ഒരു വൃത്തത്തിലാണെങ്കില്‍ ഒരു ബിന്ദുവില്‍നിന്ന് 360 ഡിഗ്രി ചുറ്റിലും എല്ലാ ഭാഗത്തേയ്ക്കും ബന്ധമുണ്ട്. 

ജ്ഞാനമാണ് കര്‍മ്മ പാശത്തില്‍ നിന്നും മോചനം നല്‍കുന്ന മോക്ഷത്തിന്‍റെ പന്ഥാവ്. ആത്മീയതയിലുറച്ച വിവേകബുദ്ധി നമുക്ക് ആവശ്യമാണ്.

                     ”പ്രാരബ്ധം സിദ്ധ്യതി തദാ യദാ ദേഹാത്മനാ സ്ഥിതിഃ”

ശരീരത്തില്‍ ആത്മബുദ്ധി (ഞാന്‍ എന്ന ചിന്ത) യുണ്ടാകുമ്പോഴാണ് പ്രാരബ്ധം സിദ്ധമാകുന്നത്.’ എല്ലാ പ്രാണികളുടേയും ശ്രദ്ധ സത്വഗുണത്തിന്‍റെ താരതമ്യത്തെ അനുസരിച്ചിരിക്കുന്നു. അതിനാല്‍ ഭൌതിക ജീവിതം നയിക്കുന്ന മനുഷ്യന്‍ അവന്‍റെ ശ്രദ്ധക്കനുസൃതമായ കര്‍മ്മം ചെയ്യുന്നു. ഏതൊരുവന്‍ ഏതുപ്രകാരമുള്ള ശ്രദ്ധയോടുകൂടിയിരിക്കുന്നുവോ അവന്‍    കര്‍മ്മത്തിലും അപ്രകാരമുള്ള ശ്രദ്ധയുള്ളവന്‍ തന്നെയായിരിക്കും. അതായത്, സാത്വികത്തില്‍ ശ്രദ്ധയും വികാരവും കേന്ദ്രീകൃതമാകുമ്പോള്‍ സാത്വികശ്രദ്ധയും രാജസത്തില്‍ രാജസീശ്രദ്ധയും താമസത്തിലാകുമ്പോള്‍ താമസീശ്രദ്ധയുമാണ് ഉണ്ടാകുന്നത്. മേല്പറഞ്ഞ മൂന്നുവിധം ശ്രദ്ധകളില്‍ സാത്വികീ, പ്രജ്ഞയെ ഈശ്വരത്വത്തിലേയ്ക്ക് നയിക്കുന്നതാണ്. ഇതാണ് ഉത്തമമായ ശ്രദ്ധ. കാരണം അത് പ്രാരബ്ധം കുറയ്ക്കുന്നു.  രാജസീ ഭൗതികസ്വഭാവത്തോടുകൂടിയതും സര്‍വകര്‍മവ്യാപാരത്തിന് വികാരവിചാരങ്ങളെ സൃഷ്ടിക്കുന്നതുമാണ്. കാമക്രോധാദി ഷഡ്‌വികാരങ്ങള്‍ ഇവയോട് ബന്ധപ്പെട്ടുണ്ടാകുന്നു.  നേട്ടം, നഷ്ടം, വിജയം, തോല്‍വി, ഭീതി, ധൈര്യം തുടങ്ങിയവ ഉദാഹരണമാണ്. മേല്പറഞ്ഞ ഓരോ വികാരത്തിലൂടെയും ജീവന്‍ വസ്തു(ദ്രവ്യ) ബന്ധമുള്ളതായും തന്മൂലം തികഞ്ഞ ഭൗതികസ്വഭാവത്തിലുറച്ചതായും തീരുന്നു. ക്രിയാത്മകമായ രാജസഗുണം പലപ്പോഴും നന്മതിന്മകളെ വേര്‍തിരിക്കുന്നതിന് വിവേകം കാണിക്കാറില്ല. വിവേകത്തെ വികസിപ്പിക്കുന്നതിനു പകരം വികാരത്തെ വര്‍ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. താമസമാകട്ടെ ഇരുള്‍മയമാണ്. അവിടെ ഞാന്‍, എനിക്ക്, എന്‍റെത് എന്നിങ്ങനെയുള്ള ചിന്ത മാത്രമല്ല, അവന്‍, അവനുള്ളത്, അതുകൂടി സ്വന്തമാക്കാനുള്ള ത്വര, കൂടാതെ നാശം വരുത്താനുള്ള ശ്രദ്ധ, അസൂയ, കുത്സിത ബുദ്ധി എന്നിങ്ങനെയാണ് ശ്രദ്ധ പോകുന്നത്. ഇത് നാരകീയമായ കര്‍മ്മ ബന്ധനമാണ്.  ഇത് സംസ്കാരത്തിന്‍റെ നാശവുമാണ്.

സത്യത്തെ സാക്ഷാത്കരിച്ച് ബ്രഹ്മസ്വരൂപമായി അനുഭവിച്ചിട്ടുള്ള ആത്മജ്ഞാനികള്‍ക്ക് സ്വര്‍ഗ്ഗാദി ലോകങ്ങളുടെ സുഖവും നരകാദി ലോകങ്ങളുടെ വേദനയും കേവലം മിഥ്യാപ്രതിഭാസങ്ങള്‍ മാത്രമാകുന്നു. ശ്രീശങ്കരാചാര്യരുടെ 'മനീഷാപഞ്ചക'ത്തില്‍ ഇപ്രകാരം പറയുന്നു 

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോര്‍
നിത്യം ബ്രഹ്മനിന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ
ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹത‍ാം സംവിന്മയേ പാവകേ
പ്രാരബ്ധായ സമര്‍പ്പിതം സ്വവപുരിത്യേഷ്യാ മനീഷാ മമ.

പ്രപഞ്ചം മുഴുവന്‍ സദാ നശ്വരംതന്നെയാണെന്നു തീരുമാനിച്ച്, നിഷ്ക്കളങ്കഹൃദയത്തോടുകൂടി, ഗുരുവിന്‍റെ അനുഗ്രഹത്തിന് വിധേയമായി, ശാശ്വതവും ഇടതിങ്ങിനില്ക്കുന്നതുമായ ബ്രഹ്മത്തെ വിചാരം ചെയ്തറിയുന്നവന്‍ ജ്ഞാനമാകുന്ന അഗ്നിയില്‍ സഞ്ചിതവും ആഗാമിയുമായ കര്‍മ്മങ്ങളെ എരിച്ചുകളഞ്ഞിട്ട് ഭൌതിക ശരീരത്തെ പ്രാരബ്ധാനുഭവത്തിന്നായി സമര്‍പ്പിക്കുന്നു.

യഥൈധ‍ാംസി സമിദ്ധോ ഗ്നിഃ
ഭസ്മസാത്കുരുതേ ര്‍ജ്ജുന
ജ്ഞാനാഗ്നിഃസര്‍വ്വകര്‍മ്മാണി
ഭസ്മസാത്കുരുടേ തഥാ.
(ഭഗവദ് ഗീത)

ജ്വലിക്കുന്ന അഗ്നി വിറകിനെ എപ്രകാരം എരിച്ചു ചാമ്പലാക്കുന്നുവോ, അര്‍ജ്ജുന, അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മ്മങ്ങളേയും ഭസ്മീകരിക്കുന്നു.

ഇപ്രകാരം ആത്മജ്ഞാനം നേടുക എന്നതാണ് എല്ലാ ജന്മങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം. അതില്‍ ലഭിക്കുന്ന വിജയമാണ് 'മോക്ഷം' എന്ന് അറിയപ്പെടുന്നത്.

No comments:

Post a Comment